ഞങ്ങളുടെ ലക്ഷ്യം എന്തെന്നാൽ നിലവിലുള്ള മുല്ലപെരിയാർ അണക്കെട്ടിൽ അറ്റകുറ്റ പണികൾ നടത്താതെ തന്നെ മറ്റു മാർഗ്ഗങ്ങൾ സ്വീകരിച്ച്, നമ്മുടെ സഹോദര സംസ്ഥാനമായ തമിഴ് നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പ് വരുത്തി രണ്ടു സംസ്ഥാനത്തിനും ഗുണകരമായ ഒരു നിലപാട് എടുക്കുക എന്നതാണ്. മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഭീഷണിക്കറുതി വരുത്തിയേ മതിയാകൂ. അടിയന്തിരമായി പ്രൊഫസർ സി പി റോയിയുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുക. അല്ല എങ്കിൽ ശാശ്വതമായ പരിഹാരം എത്രയും പെട്ടന്ന് കണ്ടെത്തി നടപ്പിലാക്കുക.
മുല്ലപെരിയാർ വിഷയത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ്, 2011 പ്രൊഫസർ സി പി റോയ് നിർദ്ദേശിച്ചത്. ഡാമിൻ്റെ ഹൈറ്റ് 155 അടിയാണ്. തമിഴ്നാട്ടിലേക്ക് ഇപ്പോൾ വെള്ളം കൊണ്ടുപോകുന്ന ടണൽ മുല്ലപ്പെരിയാറിൻ്റെ അടിത്തട്ടിൽ നിന്നും 105 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. 105 അടിക്ക് താഴേക്കുള്ള വെള്ളം ഡെഡ് സ്റ്റോറേജാണ്. മുല്ലപ്പെരിയാറിൻ്റെ അടിത്തട്ടിൽ നിന്നും 50 അടി ഉയരത്തിൽ പുതിയ ഒരു ടണൽ നിർമിക്കുക. അപ്പൊൾ മുല്ലപ്പെരിയാർ ഡാമിൻ്റെ ജല നിരപ്പ് 50 അടിയിലേക്ക് താഴ്ത്താൻ സാധിക്കും. ഈ 50 അടിയുള്ള വെള്ളത്തിന് ഡാമിനെ തള്ളി കളയാൻ ഉള്ള ശക്തി ഉണ്ടാവുകയില്ല. പുതിയ ടണൽ നിർമ്മിച്ച് ജലനിരപ്പ് താഴ്ത്തിയാൽ മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യുന്നതിന് തുല്ല്യമാകും. 50 അടിയിൽ ടണൽ നിർമ്മിച്ച് കൊണ്ട് തമിഴ് നാടിന് 55 അടി വെള്ളം കൂടുതൽ കിട്ടും. അതുവഴി തമിഴ് നാടിനു വെള്ളത്തിൻ്റെ ലഭ്യതയും വർദ്ധിക്കും. 2012 ൽ പ്രൊഫസർ സി പി റോയ് ഈ നിർദ്ദേശം സെൻട്രൽ വാട്ടർ കമ്മീഷന് കൊടുത്തിരുന്നു. തുടർന്ന് ഈ നിർദ്ദേശം പ്രായോഗികമാണ് എന്ന് സ്ഥിരീകരിക്കുകയും സെൻട്രൽ വാട്ടർ കമ്മീഷൻ സുപ്രീം കോടതിയിലേക്ക് റെഫർ ചെയ്യുകയും ചെയ്തു. 2014 മെയ് 7നു ഇറങ്ങിയ സുപ്രീം കോടതി വിധിയിൽ 148 മുതൽ 152 വരെയുള്ള പേജുകളിലായി, പുതിയ ടണൽ നിർമ്മിച്ച് ജല നിരപ്പ് താഴ്ത്തി കേരളത്തിൻ്റെ സുരക്ഷയും തമിഴ് നാടിന് വെള്ളവും ഉറപ്പാക്കണമെന്ന് കൃത്യമായി പറഞ്ഞിരിക്കുന്നു. പ്രൊഫസർ സി പി റോയിയുടെ ഈ നിർദ്ദേശം എത്രയും വേഗത്തിൽ നടപ്പാക്കുന്നത് വഴി ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സാധിക്കും.
ഈ വിഷയത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന മറ്റൊരു മാർഗ്ഗമാണ് തമിഴ്നാടിന് കക്കി ഡാമിൽ നിന്ന് വെള്ളം കൊടുത്ത് പ്രശ്നം പരിഹരിക്കുക എന്നത്. കക്കി ഡാമിൽ നിന്നും വെള്ളം നൽകിയാൽ, മുല്ലപ്പെരിയാർ ഡാമിൽ ഇപ്പോഴുള്ള 132 അടിയിൽ നിന്നും ഹൈറ്റ് 60 അടിയാക്കി കുറക്കാൻ സാധിക്കും. തമിഴ് നാടിന് മുല്ലപ്പെരിയാറല്ല വിഷയം, അവരുടെ അഞ്ച് ജില്ലകളിലേക്കുള്ള വെള്ളം ആണ്. കക്കി ഡാമിനെ ആശ്രയിച്ചാല്‍ അത് പരിഹാരമാകും. ഒപ്പം നമുക്ക് മുല്ലപ്പെരിയാറിനെ സേഫാക്കി മാറ്റുകയും ചെയ്യാം. കക്കി ഡാമില്‍ നിന്നും പുതിയൊരു ടണൽ മുല്ലപ്പെരിയാർ ഡാമിൽ നിലവിലുളള ടണലിലേയ്ക്ക് കണക്ട് ചെയ്ത് തമിഴ്നാട്ടിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കും. ഇതിൽ നിന്ന് ഏതു മാർഗ്ഗം സ്വീകരിച്ചാലും മുല്ലപ്പെരിയാർ പ്രശ്നം സുഖകരമായി തീർക്കുവാൻ സാധിക്കും.
ഞങ്ങൾ കേരള സർക്കാരിനോ തമിഴ്നാട് സർക്കാരിനോ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കോ എതിരല്ല. ഞങ്ങളുടെ ലക്ഷ്യം ഒത്തൊരുമയോടെ നിന്ന് മുല്ലപെരിയാർ വിഷയത്തിൽ അടിയന്തരമായി പരിഹാരം കണ്ടെത്തുക എന്നതാണ്. മുല്ലപ്പരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാരിന്റെ ആശയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പുതിയൊരു ഡാം പെട്ടന്ന് നിർമിക്കുക എന്നത് പ്രായോഗികമല്ല. പകരം അപകടാവസ്ഥയില്‍ നിന്ന് അടിയന്തിരമായി നിർദ്ദേശിച്ചിരിക്കുന്ന മാർഗ്ഗങ്ങളിലൂടെ ഡാമിനെ സുരക്ഷിതമാക്കുകയാണ് ചെയ്യേണ്ടത്. അതിനായി നടപടികൾ സ്വീകരിക്കണം എന്നുള്ളതാണ് ഞങ്ങളുടെ ആവശ്യം.
കേരളത്തിന് സുരക്ഷയും തമിഴ് നാടിന് വെള്ളവും എന്ന വിഷയത്തിൽ തീർപ്പ് ഉണ്ടാകുന്നത് വരെ ഞങ്ങൾ പരിശ്രമിക്കും. ജനങ്ങൾക്ക് ഈ വിഷയത്തിൽ ഭീതി ഉണ്ട്. ഞങ്ങളുടെ ഭീതിയേ മാറ്റിയേ മതിയാകൂ. അതിനാൽ തന്നെ തന്നെ ഞങ്ങളുടെ അവശ്യം നിറവേറ്റാതെ ഞങ്ങൾ പിന്നോട്ടില്ല. അതിന് സമര പരമ്പരകള്‍ വേണ്ടി വന്നാലും ഞങ്ങള്‍ ചെയ്യൂം. ലക്ഷ്യങ്ങൾ നടപ്പിലാകും വരെ മാര്‍ഗ്ഗം സമാധാനപരമായ സമരങ്ങള്‍ തന്നെയാണ്. ജനാധിപത്യപരമായി വിജയം കൈവരിക്കും വരെയുള്ള സമരം. പൊതുമുതൽ നശിപ്പിക്കുകയോ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ഞങ്ങൾ ചെയ്യില്ല. തികച്ചും ഗാന്ധിയൻ ആദർശങ്ങൾ മുറുകെ പിടിച്ച് കൊണ്ടായിരിക്കും ഞങ്ങൾ സഞ്ചരിക്കുന്നത്. ഞങ്ങളുടെ പ്രവർത്തികൾ തികച്ചും നിയമപരവും സത്യസന്ധവും സമാധാന പരവും ആയിരിക്കും. മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ വി.ടി.സതീശനും തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം.കെ.സ്റ്റാലിനും പ്രതിപക്ഷ നേതാവ് ശ്രീ എടപ്പാടി പളനിസാമിക്കും ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡിക്കും പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിക്കും നിവേദനം സമർപ്പിക്കും.